Wednesday, July 8, 2015

ചില ‘പ്രേമ’ ചിന്തകൾ


രുപാട് സിനിമകൾ കാണുകയും അതെക്കുറിച്ച് ആലോചിച്ചിരിക്കുകയും ചെയ്യുന്ന ഒരാളല്ല ഞാൻ. വല്ലപ്പോഴും സമയവും സന്ദർഭവും ഒത്തുവന്നാൽ കാണാറുണ്ട് അത്ര തന്നെ. പലപ്പോഴും രണ്ടു മൂന്നു ദിവസത്തിനുള്ളിൽ തന്നെ സിനിമയുടെ കഥയും ചിലപ്പോൾ സിനിമയുടെ പേരു പോലും മറന്നു പോവാറാണ് പതിവ്. പക്ഷേ ഒരുപാട് വർഷങ്ങൾക്കു ശേഷം; സിനിമ കണ്ട് ഏതാണ്ട് രണ്ടാഴ്ചക്കു ശേഷവും ‘പ്രേമം’ എന്ന സിനിമ എന്റെ മനസ്സിൽ നിന്ന് വിട്ടു പോകുന്നില്ല… എന്നെപ്പോലെ ഇപ്പോഴും ‘പ്രേമ’ത്തിൽ അകപ്പെട്ട കുറച്ചു കൂട്ടുകാരും എനിക്കുണ്ട്.

ഒരു സിനിമ എന്നു പറയുന്നത്, നിർമ്മാതാവിന്റെയോ സംവിധായകന്റെയോ നായികാ-നായകന്മാരുടെയോ മാത്രം സംഭാവനയല്ലല്ലോ. പുറമെ അധികം അറിയപ്പെടാതെ പോകുന്ന എത്രയോ ആളുകളുടെ അദ്ധ്വാനമുണ്ട് അതിന്റെ പിന്നിൽ! അതുകൊണ്ടു തന്നെ ഏതെങ്കിലും ഒരു സിനിമ കാണുമ്പോൾ, അതിലെ കഥയോ അഭിനയമോ ചിത്രീകരണമോ കലാസംവിധാനമോ വസ്ത്രാലങ്കാരമോ പശ്ചാത്തലസംഗീതമോ അങ്ങനെ തുടങ്ങി എന്തെങ്കിലും കുറച്ചെങ്കിലും നല്ലതാണെങ്കിൽ; നൂറിൽ ഒരു 50 മാർക്കെങ്കിലും കൊടുക്കാൻ കഴിയുമെങ്കിൽ ഞാനതിനെ ‘നല്ല സിനിമ’ എന്നു തന്നെ പറയാറുണ്ട്. കണ്ടിട്ടുള്ള ഭൂരിപക്ഷം സിനിമകളും എനിക്കു നല്ലതായി തന്നെയാണ് തോന്നിയിട്ടുമുള്ളത്. ഓരോ സിനിമകളും നമ്മൾ അറിയാതെ തന്നെ നമുക്ക് നൽകുന്നത് ഒരുപാട് അറിവുകളാണ്. അങ്ങനെ നോക്കുമ്പോൾ ‘പ്രേമം’ സിനിമക്ക് ഞാൻ നൂറിൽ തൊണ്ണൂറ്റൊമ്പത് മാർക്കും കൊടുക്കും. ഈ സിനിമയെക്കുറിച്ചുള്ള എന്റെ ചില ചിന്തകൾ ഇങ്ങനെ…

1. ‘പ്രേമ’ത്തിന്റെ സംവിധായകനെക്കുറിച്ചും അഭിനേതാക്കളെക്കുറിച്ചും അവരുടെ അഭിനയത്തെക്കുറിച്ചും പാട്ടുകളെക്കുറിച്ചുമെല്ലാം ഒരുപാട് പേർ ചർച്ച ചെയ്തു കഴിഞ്ഞു. അതുകൊണ്ട് തന്നെ അതെക്കുറിച്ചൊന്നും ഞാനിവിടെ പറയുന്നില്ല. തലച്ചോർ ചൂടു പിടിപ്പിക്കാതെ, ഒരുപാട് അക്രമങ്ങളും നൊമ്പരങ്ങളും കാണിച്ച് മനസ്സിന് കനം തോന്നിപ്പിക്കാതെ, അമിതാഭിനയമില്ലാതെ, ജീവിതത്തിലെ കൊച്ചു കൊച്ചു വല്യ കാര്യങ്ങൾ കൊണ്ട് സന്തോഷിപ്പിക്കുന്ന ഒരു നല്ല സിനിമയാണ് ‘പ്രേമം’.

2. മനുഷ്യൻ ഏറ്റവും ഭംഗിയുള്ള സ്വപ്നങ്ങൾ കാണാൻ തുടങ്ങുന്നത് പ്രണയിച്ചു തുടങ്ങുമ്പോഴാണ്. പ്രണയകാലത്താണ് പൂവിനും പുഴയ്ക്കും പുൽക്കൊടിക്കുമൊക്കെ ഒരുപാട് സൗന്ദര്യമുണ്ടെന്നറിയുന്നത്, കണ്ണുകൾ കൊണ്ട് മാത്രംഒരായിരം കാര്യങ്ങൾ സംസാരിക്കാമെന്നറിയുന്നത്, പ്രണയിക്കുന്ന ഓരോ മനുഷ്യനും പ്രണയിനിയുടെ ചുറ്റും പറന്നു നടക്കാൻ കൊതിക്കുന്ന ഒരു പൂമ്പാറ്റയെപ്പോലെയാണ് എന്നറിയുന്നത്… അങ്ങനെ ‘practical love’ ന്റെ ഇക്കാലത്തും ആത്മാർത്ഥമായ പ്രണയമാണ് പുതുതലമുറയുടെ ഉള്ളിലും എന്നറിഞ്ഞതിൽ ഏറെ സന്തോഷം. ‘പ്രേമ’ത്തെ ഏറ്റവും ആവേശത്തോടെ വരവേറ്റതും അവർ തന്നെ.

3. സംഗീതത്തിന് ഭാഷയോ വരികളോ പ്രശ്നമില്ലെന്നാണ് പറയാറ്. പക്ഷേ ലളിതമായ, അർത്ഥവത്തായ വരികൾക്ക് സംഗീതം നൽകുന്നത്, നമ്മുടെ മനസ്സിന്റെ ഭാഷയ്ക്ക് ഈണമിടുന്നതു പോലെയാണ്. ‘പ്രേമ’ത്തിലെ പാട്ടുകളുടെ ഈണത്തെക്കാൾ പെട്ടെന്ന് വരികളാണ് മനസ്സിൽ ഓർമ്മവരുന്നത്. ലളിതമായതെന്തും മനസ്സിൽ പെട്ടെന്നു പതിയും എന്നതിനുള്ള തെളിവല്ലേ ഇത്?

4. സാധാരണ സിനിമയിൽ നായകൻ-നായികമാരെയോ ഉപനായകന്മാരെയോ മാത്രമേ ക്ലോസപ്പിൽ വരാറുള്ളു. ‘പ്രേമ’ത്തിൽ അഭിനയിച്ച ഓരോരുത്തരുടെയും മുഖം വലുതായി കണ്ടതു കൊണ്ടു തന്നെ ആ സിനിമയിൽ ഉണ്ടായിരുന്നവരുടെ മുഖങ്ങൾ വ്യക്തമായി ഓർമ്മ വരുന്നു. നായകനൊപ്പം പ്രാധാന്യം കൊടുത്തിട്ടുണ്ട്, അതിലഭിനയിച്ച ഓരോ കഥാപാത്രങ്ങൾക്കും.

5. ഒരു പാട്ടിനൊപ്പം എത്രയധികം സംഗീതോപകരണങ്ങൾ ഉപയോഗിക്കുന്നുണ്ട്. പാടുന്നതിലും ബുദ്ധിമുട്ടാണ് ഇവ പ്രവർത്തിപ്പിക്കാൻ. ഒരുപാട് ബുദ്ധിമുട്ടി ഉണ്ടാക്കി ഓരോ സിനിമയിലും പശ്ചാത്തലമായി ഉപയോഗിക്കുന്ന സംഗീതം അത്ര ശ്രദ്ധയിൽ പതിയാറില്ല. പക്ഷേ ‘പ്രേമ’ത്തിലെ ബാക്ക്ഗ്രൗണ്ട് സ്കോർ എല്ലാം തന്നെ ശ്രദ്ധയിൽ പെട്ടിരിന്നു. ഇൻസ്ട്രമെന്റ്സ്  Loud ആയി ഉപയോഗിച്ചതും അതിന്റെ ഒരു പ്ലസ് പോയിന്റ് ആണ് എന്ന് എനിക്കു തോന്നുന്നു.

6. അങ്ങനെ പ്ലസ് പോയിന്റുകൾ ഒരുപാട് ഉണ്ടെങ്കിലും നൂറിൽ നിന്ന് ഒരു മാർക്ക് ഞാൻ ‘പ്രേമ’ത്തിന് കുറച്ചത് – അതിൽ കാണിക്കുന്ന അമിതമായ മദ്യപാനവും പുകവലിയും കൊണ്ടാണ്. ദുഃഖം മറക്കണമെങ്കിൽ മദ്യവും പുകയിലയും കൂട്ടുവേണം എന്ന മണ്ടത്തരം ആൾക്കാർ കാലാകാലം തുടരുന്നുവല്ലോ എന്നൊരു ആശങ്ക ഇപ്പോഴും ബാക്കി. പക്ഷേ നായകന്റെയും കൂട്ടുകാരുടെയും വലിയും കുടിയും കണ്ടാൽ കുറച്ചു കാലം കൊണ്ട് അവർ ‘അടിച്ചു പോവില്ലേ’ എന്ന് ആർക്കും തോന്നിപ്പോവും. ചിലപ്പോൾ ആ തോന്നൽ ജനിപ്പിക്കാൻ വേണ്ടി ആയിരിക്കാം ‘പ്രേമ’ത്തിലെ ഈ അമിതലഹരി.

എന്തു തന്നെ ആയാലും ഒരുപാട് മനസ്സുകൾ കീഴടക്കാൻ ഈ സിംപിൾ സിനിമക്ക് കഴിഞ്ഞുവെങ്കിൽ അതിലെന്തോ ഉണ്ട്, സാധാരണക്കാരുടെ മനസ്സിനെ അത്ഭുതപ്പെടുത്താൻ കഴിയുന്ന എന്തോ ഒരു മാജിക് ! :)

1 comment:

  1. Ee ezhuthinumundoru magic Remya..100-l 100 markum. Well written..madhuramulla oru pranayam pole..

    ReplyDelete