മീനാക്ഷി
പാലത്തിനരികിൽ അവൻ പതിവുപോലെ കാത്തു നിൽക്കുന്നുണ്ട്. അവളുടെ നെഞ്ചിടിപ്പ് കൂടിത്തുടങ്ങി. അവരുടെ കണ്ണുകൾ തമ്മിൽ സംസാരിച്ചു തുടങ്ങിയിട്ട് കുറച്ചു നാളുകളായി. പാലത്തിനപ്പുറമാണ് അവളുടെ ജോലി സ്ഥലം, ഇപ്പുറമാണ് അവന്റേത്. സഹപ്രവർത്തകർ എപ്പോഴും കൂടെയുള്ളതിനാൽ കണ്ണുകൾ കൊണ്ടുള്ള സംസാരമല്ലാതെ മറ്റൊന്നും ചോദിക്കാൻ കഴിഞ്ഞിട്ടില്ല.
അവളുടെ കണ്ണുകൾ അതിമനോഹരങ്ങളായിരുന്നു. അതാണവനെ ഏറ്റവും ആകർഷിച്ചത്. നീണ്ട മിഴികളിൽ നിറയെ കണ്മഷി എഴുതി അവളതിനെ മനോഹരമാക്കിയിരുന്നു. അവൻ അവൾക്ക് മനസ്സിൽ 'മീനാക്ഷി' എന്ന പേരിട്ടു. ഊണിലും ഉറക്കത്തിലും ആ കണ്ണുകൾ അവനെ വേട്ടയാടി. അവളും മനസ്സിൽ സ്വപ്നങ്ങൾ നെയ്തു തുടങ്ങി...
അന്നൊരു ഹർത്താൽ ദിനമായിരുന്നു. അത്യാവശ്യമായിട്ടൊരു കാര്യം ചെയ്തു തീർക്കാനുള്ളതിനാൽ ഓഫീസിൽ പോകാതെ പറ്റില്ല. ഓഫീസിന്റെ ഏറ്റവും അടുത്ത് താമസിക്കുന്നതിനാൽ താൻ തന്നെ പോകണം. മനസ്സില്ലാ മനസ്സോടെ അവൾ വീടിന്റെ പടിയിറങ്ങി. പാലത്തിനടുത്തെത്തിയതും അവളുടെ മനസ്സ് സന്തോഷത്താൽ തുള്ളിച്ചാടി. ഒട്ടും പ്രതീക്ഷിക്കാതെ അവനതാ നടന്നടുക്കുന്നു. അടുത്തെത്തിയതും മനസ്സ് തുറന്ന് അവൾ ചിരിച്ചു. ആ ചിരി കണ്ട് അവൻ നെഞ്ചിൽ കൈ വച്ച് പാലത്തിന്റെ കൈവരിയിലേക്ക് ചാരി നിന്നു...
അവളുടെ കണ്ണുകളിൽ മാത്രം നോക്കിയ അവൻ അവളുടെ ചിരിയും പല്ലുകളും നോക്കാൻ മറന്നു. ചിരവ നാക്ക് പോലെ നീണ്ടു നിൽക്കുന്ന മോണയും പല്ലുകളും അവൻ മനസ്സിൽ ഫ്രയിം ചെയ്ത അവളുടെ ഫോട്ടോയുടെ ചില്ലിനെ പൊട്ടിച്ചു കളഞ്ഞു. പടുത്തുയർത്തിയ ചില്ലു കൊട്ടാരങ്ങൾ ഒരു നിമിഷം കൊണ്ട് ചിതറി വീണു...
ഒന്നും മിണ്ടാതെ നടന്നകന്ന അവനെ നോക്കി അവൾ അമ്പരപ്പോടെ നിന്നു. പിന്നീടൊരിക്കലും അവളവനെ ആ പാലത്തിനരികിൽ കണ്ടതേയില്ല...
